തൃശൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ ഹോട്ടൽമേഖല പ്രതിസന്ധിയിൽ. ആവശ്യത്തിനു സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ഹോട്ടലുകൾ അടച്ചുപൂട്ടിത്തുടങ്ങി. ചില ഹോട്ടലുകൾ പ്രവർത്തനം കുറച്ചു. ചിലതു താത്കാലികമായി അടച്ചു.
ജില്ലയിൽ ദിനംപ്രതി മൂന്നുമുതൽ 15 വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം അടച്ചുപൂട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഉടമകൾ. വിറകടുപ്പ് ഉപയോഗിച്ചു പാചകംചെയ്യുന്ന ഹോട്ടലുകൾക്കുമാത്രമേ പ്രവർത്തിക്കാനാവൂ എന്ന സാഹചര്യമാണ് നിലവിലുള്ളത്.
പാചകവാതകക്ഷാമം ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ടീ ഷോപ്പുകൾ തുടങ്ങിയ ഭക്ഷ്യോത്പാദന, വിതരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് പറഞ്ഞു. ഈ മാസം ഒന്നിനു 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 29 രൂപ വർധിച്ച് 1793 രൂപയും വീണ്ടും ഏഴിന് 115 രൂപ വർധിച്ച് 1908 രൂപയുമായി. ചെറുകിടഹോട്ടലുകൾക്കും ടീഷോപ്പുകൾക്കും 1908 രൂപയ്ക്കു സിലിണ്ടർ വാങ്ങുന്നതു പ്രായോഗികമല്ല. നഷ്ടം സഹിച്ചാൽതന്നെ, പാചകവാതകവിതരണ ഏജൻസികൾ ഗ്യാസ് കൃത്യമായി ലഭിക്കില്ലെന്നു ഹോട്ടലുടമകളെ അറിയിച്ചിട്ടുണ്ട്.
വൻതോതിൽ വിറ്റുവരവുള്ള ഹോട്ടലുകൾക്കുമാത്രമേ ഉയർന്ന വിലയിൽ പാചകവാതകം വാങ്ങി നഷ്ടമില്ലാതെ തുടരാൻ സാധിക്കുകയുള്ളൂ. ഹോട്ടലുടമകളും തൊഴിലാളികളും മാത്രമല്ല ഭക്ഷണാവശ്യത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന പൊതുജനങ്ങളും ആശങ്കയിലാണ്. 95 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടേണ്ട സാഹചര്യമാണെന്നും അദ്ദഹം പറഞ്ഞു.
കേന്ദ്ര സർക്കാർ വാണിജ്യസിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണവും വിലവർധനവും പിൻവലിച്ച് പാചകവാതകവിതരണം പൂർവസ്ഥിതിയിലാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന കമ്മിറ്റി കേന്ദ്രസർക്കാരിനു നിവേദനം നൽകി.
പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ നിർദേശം വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തെ വൻതോതിൽ ബാധിച്ചുവെന്നു തൃശൂരിലെ പാചകവിതരണ ഏജൻസികളും വ്യക്തമാക്കി. വീടുകളിലേക്കുള്ള സിലിണ്ടറുകളുടെ ലോഡുകൾമാത്രമാണ് ഇപ്പോൾ എത്തുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറുകളുടെ വരവു നിലച്ചു. വിറകടുപ്പിലേക്കു മാറുന്നതുമാത്രമാണ് ഏക പോംവഴി. വിറകടുപ്പ് ഉപയോഗിക്കുന്നതു ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു ഹോട്ടലുടമകൾ പറയുന്നു.
കരിയും മാറാലയും ഉണ്ടെങ്കിൽ പിഴ ഈടാക്കുകയും ചെയ്യും. സ്ഥലപരിമിതിമൂലം വിറകടുപ്പ് ഉപയോഗിക്കാൻ കഴിയാത്ത ഹോട്ടലുകളാണ് ഏറെയും.
കാറ്ററിംഗ് സ്ഥാപനങ്ങളും പ്രതിസന്ധിയിൽ
തൃശൂർ: മാസങ്ങൾക്കുമുന്പ് ഏറ്റെടുത്ത് അഡ്വാൻസ് വാങ്ങിയ വിവാഹമടക്കമുള്ള പല പരിപാടികളും എങ്ങനെ നടത്തിക്കൊടുക്കുമെന്ന ആശങ്കയിലാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ. പഴയരീതിയിൽ വിറകടുപ്പിൽ പാചകംചെയ്യുന്നതു പല വിഭവങ്ങൾക്കും പ്രാവർത്തികമല്ല.
പല ഭക്ഷണങ്ങളും വലിയ വാർപ്പുകളിലാണ് തയാറാക്കുന്നത്. ഗ്യാസ് അടുപ്പിലാണെങ്കിൽ പാകമാകുന്പോൾ ഓഫാക്കാൻ കഴിയും. വിറകടുപ്പിൽനിന്ന് ഇവ അഞ്ചോ ആറോ പേർ ചേർന്നുവേണം ഇറക്കിവയ്ക്കാൻ. ഇതിനിടെ വേവുകൂടാനും സാധ്യതയുണ്ട്. ഇതെല്ലാം ഭക്ഷണത്തിന്റെ നിലവാരം മോശമാക്കും.
ചെറിയ പണികൾക്കു തീകത്തിക്കുന്നതു പ്രാവർത്തികവുമല്ല. പ്രതിസന്ധി തുടർന്നാൽ ഭീമമായ നഷ്ടംസഹിച്ച് പാചകവാതകംതന്നെ ഉപയോഗിക്കേണ്ടിവരും. അതല്ലെങ്കിൽ കാറ്ററിംഗ് സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിജൻ മത്തായി പറഞ്ഞു.